ഐതിഹ്യം

ക്ഷേത്രോല്പത്തി: വളരെക്കാലം മുൻപ് മലബാർ ദേശത്തുള്ള പുന്നശ്ശേരിയിൽ നിന്നും നീലകണ്ഠശർമ്മ എന്നൊരാൾ വൈക്കം ദേശത്തെ വെണ്ടിശ്ശേരിൽ വീട്ടിൽ നിന്നും വിവാഹം കഴിച്ചു. അവർക്ക് ജനിച്ച മകളെ ചേർത്തല പട്ടണക്കാടുള്ള ഒരു വീട്ടിൽ വിവാഹം ചെയ്തയച്ചു. അവർക്ക് ജനിച്ച മക്കളായ ഇത്തപണിക്കത്തി, നീലകണ്ഠൻ എന്ന രണ്ടുപേരിൽ നിന്നുമാണ് ക്ഷേത്രോല്പത്തിയുടെ ചരിത്രം തുടങ്ങുന്നത്. നീലകണ്ഠൻ പിന്നീട് പുന്നശ്ശേരി നീലകണ്ഠൻ എന്നറിയപ്പെട്ടു. നീലകണ്ഠൻ കൊടുങ്ങല്ലൂർ ഭദ്രകാളി ദേവിയെ തൻ്റെ ഉപാസന മൂർത്തിയായി സങ്കൽപ്പിച്ചു വിളക്ക് വെച്ചു ആചരിച്ചിരുന്നു.നീലകണ്ഠന്റെ കാലശേഷം ഇത്തപ്പണിക്കത്തിയുടെ ഏഴു മക്കളിൽ ഒരാളായ അച്ചാമ്മ ( ഷാപ്പിൽ അച്ചാമ്മ) നീലകണ്ഠൻ വീട്ടിൽ വിളക്ക് വെച്ചാരാധിച്ചിരുന്ന കൊടുങ്ങല്ലൂർ ദേവിയെ തന്റെ ഉപാസന മൂർത്തികളായ യക്ഷി ഗന്ധർവന്മാരോടൊപ്പം ഉപാസിക്കുവാൻ തുടങ്ങി. അക്കാലത്ത് അടിയന്തിര സദ്യ എന്ന പേരിൽ നടന്നിരുന്ന പൂജാവിധികൾ അച്ചാമ്മയുടെ പിൻ തലമുറയിലെ രാഷ്ട്രീയ സ്വാധീനത്താലും മറ്റു കാരണത്താലും മുടങ്ങുകയുണ്ടായി. അച്ചാമ്മയുടെ സഹോദരി കാളിയെ വിവാഹം ചെയ്ത കുഞ്ഞൻ കൊമരി, തൻറെ മൂന്ന് ഏക്കറോളം വരുന്ന സ്ഥലം പെങ്ങളുടെ മക്കൾക്ക് കൊടുത്തതിനാൽ അച്ചാമ്മ, കാളിയുടെ മക്കൾക്കായി വേളോർവട്ടം ഒറ്റപ്പുന്ന ദേശത്ത് "കൊല്ലശ്ശേരിൽ" എന്ന് പേരുള്ള പുന്നശ്ശേരി വകയായ സ്ഥലം വിട്ടു നൽകി. ഈ സ്ഥലത്ത് കാളിയുടെ മക്കളും അവരുടെ പിൻ തലമുറകളും വീടുവെച്ച് താമസിക്കുകയുണ്ടായി.1990 കാലഘട്ടങ്ങളിൽ കൊല്ലശ്ശേരിൽ വീടുകളിൽ തുടർച്ചയായി സംഭവിച്ചുകൊണ്ടിരുന്ന അനിഷ്ട സംഭവങ്ങളെ തുടർന്ന് ജ്യോതിഷ പ്രശ്നചിന്ത ചെയ്തതിൽ കൊല്ലശ്ശേരിൽ സർപ്പ സാന്നിധ്യം ഉണ്ടെന്ന് അറിയുവാനിടയായി. ആയതിലേക്ക് കൊല്ലശേരിലെ ഭാർഗവി എന്ന മകൾ താമസിച്ചിരുന്ന കുടുംബ വീടിൻന്റെ മിഥുനം രാശി ഭാഗത്ത് ചുറ്റു മതിൽ പണികഴിപ്പിച്ച് ചിത്രകൂടങ്ങൾ നിർമിച്ചു വിളക്കുവച്ച് ആചരിക്കുവാൻ തുടങ്ങി. തുടർന്ന് വർഷംതോറും തളിച്ചുകൊടയും സർപ്പം പാട്ടുകളും നടത്തിവരികയും ചെയ്തിരുന്നു. പിന്നീടുള്ള ഒരു ദേവപ്രശ്ന ചിന്തയിൽ കൊല്ലശ്ശേരിൽ 'അന്നപൂർണേശ്വരി' എന്ന ദേവതയുടെ സാന്നിദ്ധ്യം ഉണ്ടെന്നു വിധിക്കപ്പെട്ടു. സർപ്പ ചൈതന്യങ്ങളെ വിളക്ക് വെച്ച് ആചരിച്ചിരുന്ന "കൊല്ലശ്ശേരി സർപ്പ സങ്കേതത്തിൽ" ബ്രഹ്മരക്ഷസ്, രണ്ട് അറുകുലകൾ എന്നിവയുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. ഇവിടെ നിത്യേന വിളക്കുവച്ച് ആരാധയും കളം പാട്ടുകളും തുടർന്ന് വരികയും പിന്നീടുള്ള മറ്റൊരു ദേവ പ്രശ്ന ചിന്തയിൽ ഒരു ഭദ്രകാളി സാന്നിദ്ധ്യവും യക്ഷി ഗന്ധർവന്മാരുടെ സാന്നിദ്ധ്യവും, ആയത് പുന്നശ്ശേരി കുടുംബത്തിൽ വെച്ചാചരിച്ചിരുന്ന ദേവതയായിരുന്നുവെന്നും ആ സങ്കേതത്തിലെ ആചരണങ്ങൾ നശിപ്പിക്കപ്പെട്ടതിന്റെ ഫലമായി ആ ദേവതാ സാന്നിദ്ധ്യം കൊല്ലശ്ശേരിൽ എത്തിപ്പെട്ടു എന്നും സൂചിപ്പിക്കപ്പെട്ടു. അതിൻപ്രകാരം ഭദ്രകാളി ദേവി സാന്നിധ്യത്തെ ഒരു വിളക്ക് സങ്കൽപ്പിച്ചു വെച്ച് ആചരിക്കുകയുണ്ടായി.കാലാന്തരത്തിൽ കൊല്ലശ്ശേരിൽ നിന്നും കുടുംബ ജനങ്ങളിൽ ചിലർ ദേശം മാറി താമസിക്കാൻ ഇടയാവുകയും കൊല്ലശ്ശേരിലെ തന്നെ വിജയൻ എന്ന ജ്യോതിഷം കൈകാര്യം ചെയ്തിരുന്ന പിൻതലമുറക്കാരിലൊരാൾ തന്റെ മുതിർന്ന മകനു താമസിക്കുവാൻ വേണ്ടി കൊല്ലശ്ശേരിൽ സങ്കേതം വാങ്ങുകയുമുണ്ടായി. എന്നാൽ പിന്നീടുണ്ടായ ചില ദുർനിമിത്തങ്ങൾ മൂലം വാങ്ങിയ സ്ഥലം ക്ഷേത്രത്തിനു വിട്ടു നൽകുകയാണുണ്ടായത്. ആയതിനു ശേഷം നടത്തിയ ദേവപ്രശ്ന ചിന്തയിൽ ഭദ്രകാളി ദേവി സാന്നിദ്ധ്യത്തെ ആവാഹിച്ച് കൊടുങ്ങല്ലൂർ ക്ഷേത്രത്തിലേയ്ക്ക് സമർപ്പിക്കാമെന്ന വിധിയുണ്ടായി. അതിൻ പ്രകാരം ചാർത്തു വാങ്ങാൻ പോയ അദ്ദേഹത്തിന്റെ മകന് നാട്ടുദീനം ഉണ്ടാവുകയും തുടർന്ന് കേരളത്തിലെ പ്രമുഖ ജ്യോതിഷപണ്ഡിതരെ പങ്കെടുപ്പിച്ച് വേളോർവട്ടം തമ്പി ജോത്സ്യർ അവർകളുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തിയ ദേവപ്രശ്ന ചിന്തയിൽ ഈ ദേവതയെ ഒഴിവാക്കാൻ കഴിയുന്നതല്ലെന്നും യഥാവിധി ആലയം പണികഴിപ്പിച്ച് ആചരിക്കേണ്ടതാണെന്നും വിധികുകയുണ്ടായി. അതിൻ പ്രകാരം വേളോർവട്ടം ചിന്നൻ ആചാരി എന്ന സ്‌ഥപതിയുടെ ഗണിത പ്രകാരം ഭദ്രകാളി ദേവിക്ക് സരൂപ ബിംബത്തോടെ ശ്രീകോവിൽ, അന്നപൂർണേശ്വരി ദേവിക്ക് കണ്ണാടി ബിംബത്തോടെ പഞ്ചവർഗ്ഗ തറ, നാഗരാജാവ് നാഗയക്ഷി സാന്നിധ്യങ്ങൾക്ക് സരൂപ ബിംബത്തോടെ തറകൾ , യക്ഷി ഗന്ധർവന്മാർക്കും ബ്രഹ്മരക്ഷസിനും അറുകുലകൾക്കും അഖില സർപ്പങ്ങൾക്കും പീഠത്തോട് കൂടി തറകൾ എന്നിവ പണികഴിപ്പിച്ച് ആചരിക്കുവാൻ തീരുമാനമായി. പ്രശ്ന വിധിപ്രകാരം മേൽപ്പറഞ്ഞ ദേവതകൾക്കെല്ലാം ആലയങ്ങൾ പണികഴിപ്പിച്ച് 2009 ഫെബ്രുവരി മാസം രണ്ടാം തീയതി പ്രതിഷ്ഠ നടത്തുകയുണ്ടായി. എല്ലാ ദിവസവും വിളക്ക് സമർപ്പിച്ചു കൊള്ളാമെന്നും മലയാള മാസം ഇരുപതാം തീയതി പൂജകൾ കഴിച്ചു കൊള്ളാം എന്നുമുള്ള പടിത്തരം നിശ്ചയപ്രകാരം പൂജ കഴിപ്പിച്ചു പോന്നിരുന്നു. ക്ഷേത്രത്തിന്റെ ഊരാളനായിരുന്ന ജോത്സ്യൻ ചേർത്തല വിജയൻ പ്രതിഷ്ഠാനന്തരം അഞ്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ, ആദ്യം നിർമിച്ച ക്ഷേത്രം 'അല്പ ക്ഷേത്ര' വിധിപ്രകാരമുള്ള ക്ഷേത്രമാകയാൽ പൂജകൾ കഴിക്കുന്നതിനും മറ്റും ബുദ്ധിമുട്ടുകൾ നേരിട്ടതിനാൽ ദേവപ്രശ്ന ചിന്ത നടത്തി, ഇന്നു കാണുന്ന അളവിലും വിധത്തിലുമുള്ള ക്ഷേത്ര സമുച്ചയം കുടുംബാംഗങ്ങളുടെയും ദേശ ജനങ്ങളുടെയും തന്റെ അടുക്കൽ പ്രശ്നചിന്തയ്ക്ക് വരുന്ന ആൾക്കാരുടെയും സഹായ സഹകരണങ്ങളോടെ പുതുക്കി പണി കഴിപ്പിച്ചു. ഈ കാലയളവിൽ തന്നെ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ഒട്ടനവധി മറ്റു പുരോഗമന പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. ലോകമെമ്പാടും പടർന്ന മാറാവ്യാധിയായ കൊറോണയുടെ മൂർദ്ധന്യാവസ്ഥയിലും ക്ഷേത്രത്തിലെ പൂജകൾ മുറതെറ്റാതെ നടന്നു പോന്നിരുന്നു. 2021 ഓഗസ്റ്റ് മാസം ഇരുപത്തിയൊന്നാം തീയതി ക്ഷേത്ര ഊരാളനും മുഖ്യകാര്യദർശിയുമായ ജ്യോത്സ്യൻ വിജയൻ ദേഹവിയോഗം ചെയ്യുകയുണ്ടായി. തുടർന്ന് അദ്ദേഹത്തിന്റെ മക്കൾ ക്ഷേത്രഭരണം ഏറ്റെടുക്കുകയും പടിത്തരം പ്രകാരമുള്ള പൂജകൾ കഴിച്ച് മുന്നോട്ടു പോവുകയും ചെയ്തു കൊണ്ടിരിക്കുന്നു. പൂർവ്വവിവരങ്ങൾക്ക് കടപ്പാട് : (1) കാളിയുടെ മകൾ ഭാനുമതിയുടെ മകൾ ലീലാമണി.(2) ഭൈമിയുടെ മകൾ വാസന്തിയുടെ മകൾ ലിഷീന.

Our Major Activities

വലിയ ഗുരുതി

കലശവാർഷിക ഉത്സവത്തോടനുബന്ധിച്ചു വിശേഷാൽ തന്ത്രി മുഖ്യനാൽ നടത്തപ്പെടുന്ന ദർശന പ്രാധാന്യമുള്ള വലിയഗുരുതിയിൽ പങ്കെടുക്കുന്നത് ശത്രുദോഷങ്ങളകറ്റി ഭാഗ്യ ഐശ്വര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനു ഉത്തമമാകുന്നു.

ഗോളക സമർപ്പണം

ഉദ്ദിഷ്ടകാര്യ ലബ്ദ്ധ്യർത്ഥം ഭദ്രകാളി ദേവിയിങ്കൽ പുതിയകാവിലുള്ള ദമ്പതികൾ സമർപ്പിച്ച ഗോളക.

വഴിപാടുകൾ

ക്ഷേത്രത്തിലെ പ്രധാന വഴിപാട് ഭഗവതിസേവയാകുന്നു. വിശേഷാൽ ദിനങ്ങളിൽ ഗണപതി ഹോമം ഭഗവതിസേവ എന്നിവ കൂടാതെ സർപ്പങ്ങൾക്കു നൂറും പാലും തളിച്ചുകൊടയും യക്ഷിഗന്ധർവന്മാർക് വിശേഷാൽ പൂജയും കഴിപ്പിക്കാൻ കഴിയും.

അഷ്ടമംഗല ദേവപ്രശ്നം

2022 സെപ്റ്റംബർ 2, 3 തീയതികളിൽ കേരളത്തിലെ പ്രഗത്ഭരായ ദൈവജ്ഞന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ശ്രീനാഥ് ഒ.ജി. അവർകളുടെ മുഖ്യ കാർമികത്വത്തിൽ നടത്തിയ അഷ്ടമംഗല ദേവപ്രശ്നം.

ദേവപ്രശ്നം

2024 മേയ് മാസം 03 വെള്ളിയാഴ്ച , ദൈവജ്ഞൻ സെൽവരാജ് ഗണകൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ വച്ചു നടത്തിയ ദേവപ്രശ്നം.

 

Location:

കൊല്ലശ്ശേരിൽ അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രം,
പുതുമന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു വടക്കു പടിഞ്ഞാറു വശം,
വേളോർവട്ടം - ഒറ്റപ്പുന്ന,
ചേർത്തല
ആലപ്പുഴ